ഡ്രൈവര്‍ തസ്തികകള്‍ പി.എസ്.സി മുഖേന നിയമനം നടത്താതെ കലക്ടറേറ്റ് റവന്യൂ വകുപ്പ്. ഒഴിവുള്ള ഡ്രൈവര്‍ തസ്തികകള്‍ നികത്തണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ് ഉണ്ടായിട്ടുംസ്ഥിര നിയമനം നടത്താത്താണ് ആക്ഷേപത്തിന് കാരണമായിട്ടുള്ളത്. ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രംതാത്ക്കാലിക ഡ്രൈവര്‍മാരായി നിയമിച്ചിക്കുന്നെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കലക്ട്രേറ്റ് റവന്യു വകുപ്പില്‍ ഒഴിവുള്ള പത്ത് ഡ്രൈവര്‍ വേക്കന്‍സികളിലും ഇപ്പോഴും താല്‍ക്കാലിക ഡ്രൈവര്‍മാര്‍ തന്നെ തുടരുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ ലോബിയെന്നും ആക്ഷേപം.
നിയമങ്ങള്‍ ബാധകമല്ലാതെറവന്യൂ വകുപ്പ്: ഏതൊരു സര്‍ക്കാര്‍ വകുപ്പിലും താല്‍ക്കാലിക ഡ്രൈവര്‍ തസ്തികയില്‍ നല്‍കുന്ന നിയമനത്തിന് 15 ദിവസത്തിലധികം ദൈര്‍ഘ്യമുണ്ടാവരുതെന്നാണ് നിയമം. എംപ്ലോയ്‌മെന്റ് മുഖേന നല്‍കുന്ന നിയമനം പോലും 179 ദിവസത്തില്‍ അധികമാവരുതെന്നും ചട്ടമുണ്ട്. ഈ വ്യവസ്ഥകളൊക്കെ തന്നെ നിലനില്‍ക്കുമ്പോഴാണ് കലക്ട്രേറ്റ് റവന്യൂ വകുപ്പില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ലാതുകന്നതാണ്. വര്‍ഷങ്ങളായി ഒരേ വകുപ്പിന് കീഴില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്ക് (സര്‍വ്വീസ് ആന്റ് പേയ്‌റോള്‍ അഡ്ല്‍ മിനിസ്‌ട്രേഷന്‍ റിപ്പോസിറ്ററി ഫോര്‍ കേരള) വഴി ശമ്പളം നല്‍കുന്നുവെന്നാണ് മറ്റൊരു ആക്ഷേപം.
സര്‍ക്കാര്‍ മുദ്രയുള്ള തിരിച്ചറിയല്‍ കാര്‍ഡ്: സ്ഥിരം ജീവനക്കാരല്ലാത്തവര്‍ സര്‍ക്കാര്‍ മുദ്രയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമവും കലക്ട്രേറ്റിലെ താല്‍ക്കാലിക ജീവനക്കാരുടെ കാര്യത്തില്‍ അധികൃതര്‍ പാലിക്കുന്നില്ല. ഇവരുടെയെല്ലാം ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്രയടക്കം ആലേഖനം ചെയ്തിട്ടുണ്ട്. കഴുത്തില്‍ റവന്യൂ വകുപ്പ് കേരള സര്‍ക്കാര്‍ എന്നെഴുതിയ ടാഗും കാണാം. ഇതെല്ലാം ചട്ടവിരുദ്ധമാണെന്നറിഞ്ഞിട്ടും ജില്ലാ ഭരണകൂടം യാതൊരു നടപടിയും എടുത്തിട്ടില്ലെന്നതാണ് ഉയരുന്ന രൂക്ഷമായ മറ്റൊരു ആരോപണം. സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന തിരിച്ചറിയല്‍കാര്‍ഡിലുള്ള പെന്‍നമ്പര്‍ (പെര്‍മനന്റ് എംപ്ലോയി നമ്പര്‍) ഒഴികെയുള്ളവയെല്ലാം താല്‍ക്കാലിക ഡ്രൈവര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡിലുണ്ട്. ഇതും സര്‍വീസ് റൂള്‍ പ്രകാരം നിയമവിരുദ്ധമാണ്.
സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ നല്‍കിയ ഉത്തരവ് പ്രകാരം ജില്ലയില്‍ വിവിധ വകുപ്പുകളിലായി 191 ഡ്രൈവര്‍ വേക്കന്‍സികളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. ഈ തസ്തികകളില്‍ പി.എസ്.സി വഴി നിയമനം നല്‍കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ കലക്ടറേറ്റ് റവന്യൂ വിഭാഗത്തില്‍ ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ ഒഴിവുള്ള 10 ഡ്രൈവര്‍ തസ്തികകളിലും വര്‍ഷങ്ങളായി താല്‍ക്കാലിക ജീവനക്കാര്‍ തുടരുകയാണ്.
പി.എസ്.സി വഴി നിയമനം കാത്തുകഴിയുന്ന ഉദ്യോഗാര്‍ഥികളാണ് ഇതുമൂലം വലയുന്നത്. പി.എസ്.സി നിയമനം വഴി തസ്തികകള്‍ നികത്തപ്പെട്ടാല്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയപ്പെടും. കലക്ടറേറ്റിലെ ഡപ്യൂട്ടി കലക്ടര്‍മാരെ വീടുകളില്‍ നിന്നും കലക്ടറേറ്റിലേക്കും ഇവിടെ നിന്നും വീടുകളിലേക്കും എത്തിക്കാന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് ഉപയോഗിക്കുന്നത്. രാവിലെ 8 മണി മുതല്‍ ഡപ്യൂട്ടി കലക്ടര്‍മാരെ പിക് ചെയ്യാന്‍ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ പുറപ്പെടും. പി.എസ്.സി വഴി തസ്തികകള്‍ നികത്തിയാല്‍ ഈ സൗകര്യം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കില്ല. വര്‍ഷങ്ങളായി താല്‍ക്കാലിക ഡ്രൈവര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്ന ഉദ്യോഗസ്ഥ ലോബികള്‍ക്ക് ഇവരെ പിരിച്ചുവിടാന്‍ താല്‍പര്യവുമില്ല.
അതേസമയം താല്‍ക്കാലിക ഡ്രൈവര്‍മാരുടെ സേവനം ഒഴിവാക്കി പി.എസ്.സി നിയമനം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ വകുപ്പുകളുമുണ്ട്. ഇപ്പോള്‍ തന്നെ പഞ്ചായത്ത് വകുപ്പില്‍ 105 ഡ്രൈവര്‍ വേക്കന്‍സികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ ഒഴിവുകള്‍ നികത്താതെ ഇവിടങ്ങളിലും താല്‍ക്കാലിക ഡ്രൈവര്‍മാര്‍ തന്നെ തുടരുകയാണ്.