മുരളി ഗോപി തിരക്കഥയെഴുതി, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലാലിനെ നായകനാക്കി, യുവനടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങി മോളിവുഡിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ലൂസിഫർ. ആശിർവാദ് സിനിമാസിന് ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ശക്തമായ ഒരു കഥാപാത്രമായി ഈ ചിത്രത്തിൽ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്നാണ് സൂചനകൾ. സോഷ്യൽ മീഡിയയിൽ ഈ റീമേക്ക് ചർച്ചയാവുന്നുണ്ട്.
തെലുങ്കിലേക്ക് ലൂസിഫർ എത്തുമ്പോൾ സൂപ്പർസ്റ്റാർ മോഹൻലാൽ തകർത്തഭിനയിച്ച നായകവേഷത്തിൽ ചിരഞ്ജീവി എത്തുമ്പോൾ മഞ്ജു വാര്യരുടെ വേഷം കൈകാര്യം ചെയ്യുന്നത് നയൻതാരയാണ് എന്ന സൂചനയാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് തമിഴ് ഹിറ്റ് മേക്കർ മോഹൻരാജയുടെ സംവിധാനത്തിൻ കീഴിലാണ് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ ഇതിനെ പറ്റിയുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇതിനുമുമ്പ് സെയ്‌റ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി നയൻതാര അഭിനയിച്ചിട്ടുള്ളതാണ്. ലൂസിഫർ തെലുങ്ക് റീമേക്ക് സാധ്യമായാൽ വീണ്ടും ഈ ജോഡി ഒന്നിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന പുതുചിത്രം ആചാര്യയിൽ നായകനായി അഭിനയിക്കുകയാണ് ചിരഞ്ജീവി.