പോളിയോ തുള്ളിമരുന്നിനു പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍. മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ ആശുപത്രിയില്‍. സംഭവത്തില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്‌സി- കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ഒരു ഡോക്ടര്‍, ഒരു നഴ്‌സ്, ഒരു ആശാ പ്രവര്‍ത്തക എന്നിവരെ പിരിച്ചുവിട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ദേശീയ പള്‍സ് പോലിയോ യജ്ഞത്തിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കാനാണ് കഴിഞ്ഞ ദിവസം കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയത്. വാക്‌സിനു പകരം ഹാന്‍ഡ് സാനിറ്റൈസര്‍ സ്വീകരിച്ച കുട്ടികള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. പിന്നീട് കുട്ടികളെ സമീപത്തെ വസന്തറാവു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി.
കുട്ടികളുടെ നില തൃപ്തികരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ട് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന കാര്യം പരിഗണിക്കും.