ഐക്യകേരള യാത്രക്കിടെ ധനമന്ത്രി തോമസ് ഐസക്കിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ സമരം പ്രതിപക്ഷം കുത്തിപൊക്കി ഇളക്കിവിട്ടതാണെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിനെതിരെയായിരുന്നു ചെന്നിതലയുടെ പ്രതീകരണം. ഇത്തരമൊരു പരാമര്‍ശം നടത്തിയ തോമസ് ഐസക്കും കര്‍ഷക പ്രക്ഷോഭകരെ സമരജീവികള്‍ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
‘നരേന്ദ്രമോദിയും തോമസ് ഐസക്കും തമ്മില്‍ എന്താ വ്യാത്യാസം. നരേന്ദ്രമോദി സമര ജീവികള്‍ എന്ന് വിളിക്കുമ്പോള്‍ യുഡിഎഫ് ചെറുപ്പക്കാരുടെ സമരം ഇളക്കിവിടുന്നുവെന്ന് ഐസക് പറയുന്നു. ഇത് തമ്മില്‍ എന്താ വ്യത്യാസം. അധികാരം തലക്ക് പിടിക്കുന്ന ഭരണാധികാരികളുടെ ജല്‍പ്പനമാണിത്. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് ജോലി ഇല്ല. മന്ത്രിമാരുടെ ഭാര്യക്ക് ജോലി. പിന്നെ അവര്‍ പ്രതിഷേധിക്കില്ലേ. അതിനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമോ. ചെറുപ്പക്കാരുടെ സമരത്തെ പിന്തുണക്കും. 3 ലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയ നാണംകെട്ട സര്‍ക്കാരാണിത്. ഇന്നലെ മുഖ്യമന്ത്രി ഒരു കുട്ടിയോട് ചൂടായി. ഇതില്‍ എന്ത് ന്യായവും നീതിയുമാണുള്ളത്. മുന്‍ എംപിമാരുടെ ഭാര്യക്ക് ജോലി, എംഎല്‍എമാരുടെ ഭാര്യമാര്‍ക്ക് ജോലി. കമ്മ്യൂണിസ്റ്റുകാരുടെ മക്കള്‍ക്ക് ജോലി. ന്യായമായി ജോലി കിട്ടുന്നതിനോട് ഞങ്ങള്‍ എതിരല്ല. സമരം ശക്തമാക്കും.’ രമേശ് ചെന്നിത്തല പറഞ്ഞു.
സമരക്കാരെ പ്രതിപക്ഷം മനപൂര്‍വം കുത്തിപൊക്കി ഇളക്കി വിടുന്ന സമരമാണിതെന്നും ചില ഉദ്യോഗാര്‍ഥികള്‍ പ്രതിപക്ഷത്തിന്റെ കരുക്കളായി മാറുകയാണെന്നും തോമസ് ഐസക് വിമര്‍ശിച്ചു.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി ഉയര്‍ത്തിയിരുന്നു. ജോലി അല്ലെങ്കില്‍ മരണം ഒരാള്‍ ജീവന്‍ വെടിഞ്ഞാല്‍ മറ്റുള്ളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ എന്നതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി എത്തിയ ഉദ്യോഗാര്‍ഥികളുടെ നിലപാട്.