മുംബൈ: ടിആര്‍പി തട്ടിപ്പില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടേതെന്ന പേരില്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അര്‍ണാബും ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയെന്ന് പറയുന്ന ചാറ്റാണ് പ്രചരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്ത് വന്നതെന്നാണ് പ്രചാരണം. എന്നാല്‍, മുംബൈ പൊലീസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കുവച്ചിരിക്കുന്ന 500 ലേറെ പേജുള്ള വാട്‌സ് ആപ്പ് ചാറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അര്‍ണാബും പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയതെന്ന് പറയപ്പെടുന്ന ഈ ചാറ്റ് വിവരങ്ങള്‍ ട്വിറ്ററിനെ ഇളക്കിമറിക്കുകയാണ്. റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ആക്കാനായി കഴിഞ്ഞ വര്‍ഷം ട്രായ് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇത് തിരിച്ചടിയാകുമെന്നും സഹായിക്കണമെന്നും അര്‍ണാബിനോട് ആവശ്യപ്പെടുന്ന ഭാഗമാണ് കൂടുതല്‍ വിവാദം. ബാര്‍ക് അര്‍ണാബിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പാര്‍ഥോ ദാസ് ഗുപ്ത പറയുന്നു. ട്രായുടെ ഇടപെടല്‍ തടയാന്‍ പ്രധാനമന്ത്രിയുടെ സഹായം അര്‍ണാബും ഉറപ്പ് നല്‍കുന്നു. രാഷ്ട്രീയമായി തീരുമാനമുണ്ടാക്കാവുന്ന തിരിച്ചടി എഎസ് എന്നൊരാളെ ബോധ്യപ്പെടുത്തണമെന്ന് പാര്‍ഥോ ദാസ് പറയുന്നുണ്ട്. ഇത് അമിത് ഷായെ ഉദ്ദേശിച്ചാണെന്നാണ് ഒരു വാദം.
ബിജെപിയ്ക്കായി അര്‍ണാബും, അര്‍ണാബിനായി ബാര്‍കും പ്രവര്‍ത്തിച്ചെന്ന് വ്യക്തമായെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം ഒഴിവാക്കുന്ന കാര്യം അര്‍ണാബിന് നേരത്തെ ചോര്‍ന്ന് കിട്ടിയെന്ന സൂചനയും ചാറ്റുകളുണ്ട്. അറസ്റ്റിലായ പാര്‍ഥോ ദാസ് ഗുപ്തയ്ക്ക് അര്‍ണാബ് വന്‍ തോതില്‍ പണം നല്‍കിയെന്ന് തെളിവുകള്‍ സഹിതം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.