ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നു. രണ്ട് പേര്‍ എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ കത്തില്‍ ഇറാന്‍ ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചു.
സ്ഫോടനത്തില്‍ മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നെന്നും എംബസിയുടെ മുന്നിലെ നടപ്പാതയ്ക്ക് സമീപം ആയിരുന്നു വാഹനങ്ങളെന്നും അഗ്നിശമന സേനാംഗം പറഞ്ഞു. സ്ഫോടന സ്ഥലത്ത് ആദ്യം എത്തിയ അഗ്നിശമന സേനാംഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.