തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നാലേ കേരളത്തില്‍ രക്ഷയുള്ളൂവെന്നുമുള്ള വിലയിരുത്തലില്‍ ബി.ജെ.പി. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട 20 മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും മറ്റിടങ്ങളില്‍ തങ്ങളുടെ വേരോട്ടം ശക്തമാക്കാനുമുള്ള നീക്കമാണ് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് എല്‍.ഡി.എഫ് തുടര്‍ ഭരണം വരുന്നെങ്കില്‍ വരട്ടേയെന്നും ‘കോണ്‍ഗ്രസ് മുക്ത ഇന്ത്യ’ എന്ന ബി.ജെ.പിയുടെ ദേശീയനയം കേരളത്തില്‍ നടപ്പാക്കുന്നത് സംസ്ഥാനത്ത് നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ നേരിട്ടുള്ള മത്സരമെന്ന നിലയിലേക്ക് കേരള രാഷ്ട്രീയം മാറ്റുന്ന നിലയിലായിരിക്കണം ഇക്കുറി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നാണ് പ്രവര്‍ത്തകര്‍ക്ക് പഠന ശിബിരങ്ങളിലൂടെ നല്‍കിയിട്ടുള്ള നിര്‍ദേശം. എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ചുള്ള പഠന ശിബിരങ്ങളും യോഗങ്ങളുമാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്.