ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിൻ്റെ മുന്നറിയിപ്പ്. അഞ്ച് ദിവസം ഡല്‍ഹിയില്‍ തങ്ങിയിട്ടും സുരേന്ദ്രന്‍ മടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാതെയാണ്.
സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും ഉടന്‍ മാറ്റില്ലെങ്കിലും പകരക്കാരനെ വൈകാതെ കണ്ടെത്താന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട് എന്നാണ് സൂചനകൾ. സംസ്ഥാനത്തെ ബിജെപി ഘടകത്തിന് ഒന്നിന് പിറകെ ഒന്നായി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ദേശീയ നേതൃത്വം സംഘടനാ രംഗത്ത് അഴിച്ചു പണികൾക്ക് മുതിരുന്നത്.
കൊടകര കള്ളപ്പണക്കേസും, സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കള്ളപ്പണം നല്‍കിയെന്ന ആരോപണവും മഞ്ചേശ്വരത്ത് പണം ബിഎസ്പി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ച കേസും സംസ്ഥാനത്ത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയതില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.