ജയ് ശ്രീറാം ബാനര്‍ വിവാദത്തിന് പുറകേ പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക ചാര്‍ത്തിയത് വിവാദത്തില്‍. നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ പതാക ശ്രദ്ധയില്‍ പെട്ടത്.
ഗാന്ധി പ്രതിമയുടെ കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു ബിജെപിയുടെ കൊടി. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിമയ്ക്ക് ചുറ്റും സമര വലയം തീര്‍ത്തും ഗാന്ധിക്ക് പൂമാലയിട്ടും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. സംഭവവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതികരണം.
ഗാന്ധിയുടെ കഴുത്തില്‍ ബിജെപി കൊടി കെട്ടിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.