ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ തിരുവനന്തപുരം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ശാന്തിവിള ദിനേശിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് അറസ്റ്റ്.
ഈ കേസില്‍ വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് ശാന്തിവിള ദിനേശ് നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ നടപടിക്രമങ്ങളുടെ ഭാഗമായാണ് ശാന്തിവിള ദിനേശ് സ്റ്റേഷനിലെത്തി അറസ്റ്റിന് വിധേയനായതും ജാമ്യമെടുത്തതും. രണ്ടാളുടെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. നവമാധ്യമങ്ങള്‍ വഴി അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് എതിരായ പരാതിയിലാണ് അറസ്റ്റ്. ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരായ രണ്ടാമത്തെ കേസാണിത്.
തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തില്‍ യൂട്യൂബിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ നേരത്തെയും ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്നാണ് ശാന്തിവിള ദിനേശ് മുന്‍കൂര്‍ ജാമ്യമെടുത്തത്. അന്ന് പൊലീസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ബോധപൂര്‍വ്വമാണ് തനിക്കെതിരെ ദിനേശ് അപകീര്‍ത്തി പ്രചാരണം നടത്തിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ നിരുപദ്രവകരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെന്നാണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം.