സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എഫ്‌സി ബാഴ്‌സലോണയ്ക്ക് തോല്‍വി. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ അത്ലറ്റിക് ക്ലബിനോടാണ് ബാഴ്‌സ തോല്‍വി വഴങ്ങിയത്. ഓസ്‌കാര്‍ ഡി മാര്‍ക്കോസ്, അസിയര്‍ വില്ലാലിബ്രെ, ഇനാകി വില്ല്യംസ് എന്നിവരാണ് അത്ലറ്റിക് ക്ലബിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. അന്റോയിന്‍ ഗ്രീസ്മാനാണ് ബാഴ്‌സയുടെ രണ്ട് ഗോളുകളും നേടിയത്. പരാജയത്തിനിടയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത് ബാഴ്‌സയ്ക്ക് മറ്റൊരു തിരിച്ചടിയായി. മെസിയുടെ ക്ലബ് കരിയറില്‍ ആദ്യത്തെ ചുവപ്പു കാര്‍ഡാണ് ഇന്നലെ ലഭിച്ചത്.
പ്രതിരോധത്തിലെ പാകപ്പിഴകളാണ് ബാഴ്‌സലോണയ്ക്ക് തിരിച്ചടി ആയത്. 40ാം മിനിട്ടില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. മെസിയുടെ ഷോട്ട് റീബൗണ്ട് ചെയ്തായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. 2 മിനിട്ടുകള്‍ക്കുള്ളില്‍ അത്ലറ്റിക് ക്ലബ് തിരിച്ചടിച്ചു. ഇനാകി വില്ല്യംസിന്റെ പാസില്‍ നിന്ന് ഓസ്‌കാര്‍ നേടിയ ഗോളില്‍ ആദ്യ പകുതി 1-1 എന്ന് സമനില. 77ാം മിനിട്ടിലാണ് മത്സരത്തിലെ അടുത്ത ഗോള്‍ പിറന്നത്. ഡെംബലെയുമായിച്ചേര്‍ന്ന് നടത്തിയ വണ്‍ടൂവിനൊടുവില്‍ ആല്‍ബ നല്‍കിയ ക്രോസ് വലയിലേക്കു തിരിച്ചുവിട്ട് ഗ്രീസ്മാന്‍ വീണ്ടും ബാഴ്‌സയെ മുന്നിലെത്തിച്ചു. എന്നാല്‍, കളി അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെ 90ാം മിനിട്ടില്‍ അസിയറുടെ ഗോള്‍ കളി വീണ്ടും സമനിലയാക്കി. ഒരു ഫ്രീകിക്കില്‍ നിന്നാണ് താരം ടെര്‍ സ്റ്റീഗനെ കീഴ്‌പ്പെടുത്തിയത്.
അധിക സമയത്തിനു 3 മിനിട്ട് എത്തിയപ്പോള്‍ അത്ലറ്റിക് ക്ലബ് വിജയഗോള്‍ നേടി. ബോക്‌സിനു പുറത്തു നിന്ന് ഇനാകി വില്ല്യംസ് നേടിയ ഗംഭീരമായ ഒരു ഗോള്‍ കളിയുടെ ഒഴുക്ക് മാറ്റി. തിരിച്ചടിക്കാന്‍ ബാഴ്‌സ കിണഞ്ഞ് ശ്രമിച്ചു. ചില അവസരങ്ങള്‍ ബാഴ്‌സ താരങ്ങള്‍ പാഴാക്കുകയും ചെയ്തു. അധിക സമയത്തിന്റെ ഇഞ്ചുറി ടൈമില്‍ മെസിക്ക് കരിയറില്‍ ആദ്യത്തെ ചുവപ്പുകാര്‍ഡ് കിട്ടിയതോടെ ബാഴ്‌സയുടെ പതനം പൂര്‍ത്തിയായി. വില്ലാലിബ്രെയെ ഫൗള്‍ ചെയ്തതിനാണ് മെസിക്ക് മാര്‍ച്ചിംഗ് ഓര്‍ഡര്‍ ലഭിച്ചത്.