ബ്രിസ്ബേന്‍: ഓസ്ട്രേലിയ- ഇന്ത്യ അവസാന ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് നേരിയ മൈല്‍ക്കൈ. ബ്രിസ്ബേനില്‍ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. മര്‍നസ് ലബുഷെയ്നിന്റെ സെഞ്ചുറി (108)യാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റ് കളിക്കുന്ന മറ്റൊരു താരം വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ടിം പെയ്ന്‍ (38), കാമറൂണ്‍ ഗ്രീന്‍ (28) എന്നിവരാണ് ക്രീസില്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് സെഞ്ചുറികള്‍ ലബുഷെയ്ന്‍ പൂര്‍ത്തിയാക്കി. 204 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സ്റ്റീവന്‍ സമിത്ത് (36), മാത്യൂ വെയ്ഡ് (45) എന്നിവര്‍ക്കൊപ്പം ലബുഷെയ്ന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. സ്മിത്തിനൊപ്പം 70 റണ്‍സും വെയ്ഡിനൊപ്പം 113 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ വാഷിംഗ്ടണ്‍ സുന്ദര്‍ വിക്കറ്റ് നേടി. അതും മികച്ച ഫോമില്‍ കളിക്കുന്ന സ്മിത്തിന്റേത്. പിന്നാലെയാണ് നടരാജന്റെ ഇരട്ട പ്രഹരം. വെയ്ഡ്- ലബൂഷെയ്ന്‍ സഖ്യം വലിയ കൂട്ടുകെട്ടിലേക്ക് നീങ്ങികൊണ്ടിരിക്കെയാണ് നടരാജന്‍ ബ്രേക്ക് ത്രൂ നല്‍കിയത്. വെയ്ഡിനെ താക്കൂറിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ ലബൂഷെയ്നും നടരാജന്റെ പന്തില്‍ മുന്നില്‍ കീഴടങ്ങി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു.
ശ്രദ്ധയോടെയാണ് ഇപ്പോള്‍ ക്രീസിലുള്ള പെയ്ന്‍- ഗ്രീന്‍ സഖ്യം ബാറ്റ് വീശുന്നത്. ഇരുവരും ഇതിനോടകം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാളെ തുടക്കത്തില്‍ തന്നെ ഇവരെ പുറത്തായെങ്കില്‍ മാത്രമേ ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂ. ഓസീസിന്റെ ഓപ്പണിംഗ് സഖ്യം ഇത്തവണയും നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ വാര്‍ണര്‍ പവലിയനില്‍ തിരിച്ചെത്തി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പുകോവ്സികിയുടെ പകരക്കാരനായ ഹാരിസും (5) പെട്ടന്ന് തന്നെ മടങ്ങി. ഷാര്‍ദുല്‍ താക്കൂറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.
ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് പരിക്കേറ്റതോടെയാണ് നടരാജനും സുന്ദറിനും അവസരം തെളിഞ്ഞത്.