എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പെടെ പല പ്രമുഖരും ഉത്തവണ മത്സരരംഗത്തുണ്ടാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളില്‍ മൂന്നിലൊന്നുപേര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിബന്ധന ഇക്കുറി കര്‍ശനമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. രണ്ടു ടേം നിബന്ധന കര്‍ശനമാക്കിയാല്‍ സിപിഐയുടെ നാലു മന്ത്രിമാരും കളത്തിലുണ്ടാവില്ല.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്- കേന്ദ്രകമ്മിറ്റിയംഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ എന്നിവര്‍ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പാണ്. നാലു തവണ തുടര്‍ച്ചയായി മത്സരിച്ച തോമസ് ഐസക്കും എ.കെ.ബാലനും സംഘടനാരംഗത്തേക്ക് ചുവടുമാറ്റിയേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമാക്കേണ്ടതില്ലെങ്കില്‍ ഉടുമ്പന്‍ചോലയില്‍ എം.എം.മണി മത്സരിക്കുന്നതില്‍ നേതൃത്വത്തിന് എതിര്‍പ്പില്ല. പേരാമ്പ്ര കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കിയാല്‍ ടി.പി. രാമകൃഷ്ണന് മറ്റൊരു സീറ്റ് കണ്ടെത്തേണ്ടി വരും.
കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുത്താല്‍ കെ.കെ. ശൈലജ മട്ടന്നൂരിലേക്കും ഇ.പിജയരാജന്‍ കല്യാശേരിയിലേക്കും മാറിയേക്കും. സംസ്ഥാന സമിതിയംഗങ്ങളായ മന്ത്രിമാരില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയിലും കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും വീണ്ടും ജനവിധി തേടും. അതേസമയം തുടര്‍ച്ചയായി മൂന്നുതവണ ഉള്‍പ്പെടെ ആകെ ഏഴുവട്ടം മത്സരിച്ച ജി.സുധാകരന്‍ മാറിനില്‍ക്കുമെന്നാണ് സൂചന.
കെ.ടി.ജലീല്‍, സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീന്‍ എന്നിവരുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും അന്തിമതീരുമാനം. മൂന്നാംവട്ടം പ്രത്യേക ഇളവുനേടി മത്സരിച്ച കെ.രാജു, പി.തിലോത്തമന്‍ എന്നിവര്‍ ഇക്കുറി സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകില്ല. സമാനമായ സാഹചര്യമാണെങ്കിലും ജയസാധ്യത പരിഗണിച്ച് തൃശൂരില്‍ വി.എസ്.സുനില്‍കുമാര്‍ തന്നെ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇ. ചന്ദ്രശേഖരനും സീറ്റ് ലഭിക്കില്ല. ജനതാദള്‍ എസിന്റെ ചിറ്റൂരില്‍ കെ. കൃഷ്ണന്‍കുട്ടി തന്നെ വീണ്ടും ജനവിധി തേടും. എ.കെ. ശശീന്ദ്രന് സീറ്റുണ്ടാകും.