ഉദ്യോഗസ്ഥരില്‍ മാത്രമല്ല, ഉദ്യോഗാര്‍ത്ഥികളിലും സംഘടിത ന്യൂനപക്ഷവും അസംഘടിത ഭൂരിപക്ഷവും ഉണ്ടെന്നു വന്നിരിക്കുന്നു. റാങ്കുലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ ഇന്ന് സംഘടിതരാണ്. തൊഴിലിനു വേണ്ടി അപേക്ഷിച്ചവരും അപേക്ഷിക്കാനിരിക്കുന്നവരും അസംഘടിതരാണ്. നിസ്സഹായരുമാണ്.
യു.ഡി.എഫ്- ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനു വേണ്ടി മുട്ടിലിഴയാന്‍ പോകുന്നവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കുക. രാഷ്ട്രീയ താല്‍പ്പര്യക്കാര്‍ മാറി നില്‍ക്കട്ടെ. വേറെ ആര്‍ക്കെങ്കിലും പറയാനാവുമോ, ഈ ഡിമാന്റുകള്‍ ശരിയാണെന്ന്? നടപ്പാക്കാനാവുമെന്ന്? തുടങ്ങി വിമര്‍ശനങ്ങള്‍ കലര്‍ത്തിയാണ് അശോകന്‍ ചരുവില്‍ ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:
ഉദ്യോഗാര്‍ത്ഥികളിലെ സംഘടിതരും അസംഘടിതരും:
ഏതെങ്കിലും തരത്തില്‍ സംഘടിതരായവര്‍ അസംഘടിതര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുന്നത് ഈ കാലഘട്ടത്തിന്റെ സവിശേഷതയാണെന്നു തോന്നുന്നു. സംഘത്തെയും, സംഘടിതശക്തിയേയും മാനവമോചനത്തിന്റെ ഉപകരണങ്ങളായി ലോകത്തിന്റെ മുമ്പാകെ അവതരിപ്പിച്ച രണ്ടുപേരുണ്ട്. ശ്രീബുദ്ധനും കാള്‍മാര്‍ക്‌സും. അവര്‍ എന്തായാലും ഇങ്ങനെ ഒരവസ്ഥ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സംഘടിതര്‍ അസംഘടിതരുടെ കൂടി രക്ഷയാവും എന്നാണ് അവര്‍ കരുതിയത്.
ഉദ്യോഗസ്ഥരില്‍ മാത്രമല്ല, ഉദ്യോഗാര്‍ത്ഥികളിലും സംഘടിത ന്യൂനപക്ഷവും അസംഘടിത ഭൂരിപക്ഷവും ഉണ്ടെന്നു വന്നിരിക്കുന്നു. റാങ്കുലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ ഇന്ന് സംഘടിതരാണ്. യോഗംചേരാനും പണം പിരിക്കാനും സമ്മര്‍ദ്ദശക്തിയാവാനും സ്ഥാപിത താല്‍പ്പര്യക്കാരായ രാഷ്ട്രീയക്കാരുമായി കരാര്‍ ഉറപ്പിക്കാനും അവര്‍ക്കു കഴിയുന്നു. തൊഴിലിനു വേണ്ടി അപേക്ഷിച്ചവരും അപേക്ഷിക്കാനിരിക്കുന്നവരും അസംഘടിതരാണ്. നിസ്സഹായരുമാണ്.
യു.ഡി.എഫ്/ ബി.ജെ.പി.യുടെ രാഷ്ട്രീയതാല്‍പ്പര്യത്തിനു വേണ്ടി മുട്ടിലിഴയാന്‍ പോകുന്നവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കുക.
1.റാങ്കുലീസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമനം നല്‍കുക.
2. അതുവരെ റാങ്കുലീസ്റ്റുകളുടെ കാലാവധി നീട്ടുക.
3. നിലവിലുള്ളതിനു പുറമേ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഓഴിവുകളും ഇപ്പോള്‍ റാങ്കുലീസ്റ്റിലുള്ളവര്‍ക്ക് നല്‍കുക.
4. കാലാവധി പൂര്‍ത്തിയാക്കി റദ്ദാക്കപ്പെട്ട റാങ്കുലീസ്റ്റുകള്‍ പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തുക.
5. അതുവരെ പുതിയ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാതിരിക്കുക.
6. തുടങ്ങിവെച്ച പരീക്ഷാനടപടികള്‍ മരവിപ്പിക്കുക.
7. തയ്യാറായ റാങ്കുലിസ്റ്റുകള്‍ പ്രസിദ്ധപ്പെടുത്താതിരിക്കുക.
8. അപേക്ഷിച്ചതല്ലാത്ത, പരീക്ഷയെഴുതാത്ത (വിജ്ഞാപനത്തില്‍ ഉള്‍പ്പെടാത്ത) തസ്തികകളില്‍ ഒഴിവുണ്ടെങ്കില്‍ അവിടേക്ക് തങ്ങളെ നിയമിക്കുക.
9. പി.എസ്.സി.ക്ക് വിടാത്ത വകുപ്പുകളില്‍ / തസ്തികകളില്‍ തങ്ങളെ നിയമിക്കുക.
ഈ ഡിമാന്റുകള്‍ക്ക് പൊതുവായ രണ്ട് സ്വഭാവങ്ങളുണ്ട്:
1. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാത്തതുകൊണ്ട് ഒരു സര്‍ക്കാരിനും നടപ്പാക്കാന്‍ കഴിയാത്തവയാണ് ഇവയെല്ലാം.
2. പി.എസ്.സി.പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്ന അഭ്യസ്തവിദ്യ യുവലക്ഷങ്ങള്‍ പിന്നിലുണ്ടെന്ന് ഇതുന്നയിക്കുന്നവര്‍ അറിയുന്നില്ല.
രാഷ്ട്രീയ താല്‍പ്പര്യക്കാര്‍ മാറി നില്‍ക്കട്ടെ. വേറെ ആര്‍ക്കെങ്കിലും പറയാനാവുമോ, ഈ ഡിമാന്റുകള്‍ ശരിയാണെന്ന്? നടപ്പാക്കാനാവുമെന്ന്?
എന്തുകൊണ്ട് നടപ്പാക്കാനാകില്ല?
ഉത്തരം: ജനകീയ സര്‍ക്കാരുകള്‍ക്ക് നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാനാകൂ. സംഘടിതര്‍ക്ക് മാത്രമല്ല; അസംഘടിതര്‍ക്കും കൂടി വേണ്ടിയാണ് നമ്മുടെ ഭരണഘടനയും നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത്.
ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ അപ്രായോഗികമാണ്, ശരി; പക്ഷേ നടക്കുന്നത് ഒരു സമരമല്ലേ? സമരത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിന് എങ്ങനെ കഴിയും? എന്നാണ് ചില കുബുദ്ധികള്‍ ചോദിക്കുന്നത്.
അവര്‍ ഓര്‍മ്മിക്കണം: ‘വിമോചനസമര’വും സമരമായിരുന്നു.