വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. അക്രമ സാധ്യത മുന്നില്‍ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകള്‍ അധികാരമേറ്റെടുത്ത ആദ്യ ദിവസം തന്നെ പുറപ്പെടുവിക്കുമെന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്ര വിലക്കും നിര്‍ത്തലാക്കും.
അതേസമയം പ്രസിഡന്റ് എന്ന നിലയില്‍ അവസാനത്തെ മുഴുവന്‍ ദിന പ്രവര്‍ത്തനത്തില്‍ നൂറുകണക്കിന് മാപ്പ് അപേക്ഷകളും, ശിക്ഷ ഇളവ് അപേക്ഷകളും കൂട്ടത്തോടെ അനുവദിക്കാന്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് മാപ്പ് നല്‍കുന്നതില്‍ വന്‍കിട തട്ടിപ്പുകാര്‍ മുതല്‍ വൈറ്റ് കോളര്‍ ക്രിമിനലുകള്‍വരെയുണ്ട് എന്നാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച അപേക്ഷ പരിഗണിക്കേണ്ടവരുടെ അന്തിമ ലിസ്റ്റ് വൈറ്റ് ഹൗസ് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ക്രിസ്മസിന് മുന്‍പ് തന്നെ ഇത്തരം ഒരു നീക്കം ട്രംപ് നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാത്തതിനാല്‍ ഈ നീക്കം തിടുക്കത്തില്‍ വേണ്ടെന്ന് ട്രംപ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 6ലെ ട്രംപ് അനുകൂലികളുടെ ക്ലാപിറ്റോള്‍ കലാപത്തോടെ കാര്യങ്ങള്‍ കൈവിട്ടതോടെ പരിഗണിച്ച അപേക്ഷകള്‍ ട്രംപ് സര്‍ക്കാര് പൊടിതട്ടിയെടുക്കുകയായിരുന്നു.
മാപ്പ് അപേക്ഷകളും ശിക്ഷ ഇളവിനും പുറമേ വിവിധ ഭരണകാര്യ ഉത്തരവുകളും ഓവല്‍ ഓഫീസിലെ അവസാന ദിനത്തില്‍ ട്രംപ് ഇറക്കുമെന്നാണ റിപ്പോര്‍ട്ട്. റഷ്യന്‍ അന്വേഷണത്തിന്റെ ഫയലുകള്‍ ഡീക്ലാസിഫൈ ചെയ്യുന്നത് അടക്കമുള്ള ഓഡറുകള്‍ ഇതിലുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.