കത്വാ- ഉന്നാവോ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുസ്ലീം യൂത്ത്ലീഗ്. ഫണ്ട് വകമാറ്റിയെന്ന് പറുയുന്നത് തെറ്റാണ്. ഇത്തരമൊരു ആരോപണത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ പറഞ്ഞു. പികെ ഫിറോസിനെതിരെ ആരോപണം ഉയര്‍ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും വിമര്‍ശിച്ചു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഫണ്ട് കഠ്വ കുടുംബത്തിന് കൈമാറിയിരുന്നു. സുതാര്യമായ ഫണ്ട് കൈമാറ്റത്തെ തെറ്റായി വ്യാഖ്യാനിച്ചു. ഫണ്ട് കൈമാറുന്ന ദൃശ്യങ്ങളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നിയമനടപടിക്കും പണം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച്ചയാണ് ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ പികെ ഫിറോസിനെതിരെ മുഈനലി തങ്ങള്‍ രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് ദേശീയസമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുഈനലിയുടെ പ്രതികരണം.
പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നേതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഫണ്ടിന്റെ കണക്ക് ദേശീയസമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. എത്ര തുക പിരിച്ചെന്ന് നിരവധി തവണ ചോദിച്ചു. എന്നാല്‍ കണക്ക് മാത്രം അവതരിപ്പിച്ചില്ല. ഇനി ഈ പണം കുടുംബങ്ങള്‍ക്ക് കൊടുത്തോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ രണ്ടു തവണ പികെ കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞിരുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകന് മുഈനലവി തങ്ങളെ പാര്‍ട്ടിയ്ക്കുള്ളില്‍ അപമാനിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും യൂസഫ് പടനിലം ആരോപിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചതെന്നും യൂസഫ് പടനിലം വെളിപ്പെടുത്തി. സികെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ഉപയോഗിച്ചെന്നും യൂസഫ് ആരോപിച്ചു. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് മുന്നില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ആറുമാസത്തില്‍ പരിഹരിക്കാമെന്ന് കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തിയതെന്നായിരുന്നു യൂസഫ് ബുധനാഴ്ച്ച പറഞ്ഞത്.