ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ആലപ്പുഴ ജില്ലയിലെ പര്യടനത്തില്‍ ആദ്യ ദിനത്തില്‍ ലഭിച്ചത് ആവേശകരമായ സ്വീകരണം. ഇന്ന് വൈകിട്ടോടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയാവും.
ഐശ്വര്യ കേരള യാത്രയ്ക്ക് ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കം ബണ്ടില്‍ ആവേശോജ്വല സ്വീകരണമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ അരൂര്‍ തുറവൂരിലേക്ക് രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകര്‍ ആനയിച്ചു. സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്ത് നടക്കുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെയും രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്.
അരൂരിലെ സ്വീകരണത്തിന് ശേഷം ചേര്‍ത്തലയില്‍ നടന്ന സ്വീകരണത്തിലും ആയിരങ്ങള്‍ തടിച്ചുകൂടി. വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ ചേര്‍ത്തലയിലെ സ്വീകരണ വേദിയില്‍ വെച്ച് പ്രതിപക്ഷ നേതാവ് സ്വീകരിച്ചു. തുടര്‍ന്ന് ആലപ്പുഴയില്‍ നടന്ന ഇന്നലെത്തെ അവസാന സ്വീകരണ സമ്മേളനത്തില്‍ രാത്രി വൈകിയും കാത്തിരുന്നത് വന്‍ ജനാവലിയാണ്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ സംബന്ധിച്ചു.
അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലാണ് ഇന്ന് യാത്ര പര്യടനം നടത്തുന്നത്. വൈകിട്ട് കായംകുളത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തോടെ ജില്ലയിലെ ഐശ്വര്യ കേരള യാത്രയുടെ പര്യടനം പൂര്‍ത്തിയാകും.