മൂവാറ്റുപുഴ: ‘സദ് ഭരണം, സംശുദ്ധ ഭരണം’ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് മൂവാറ്റുപുഴയില്‍ എത്തും. വൈകിട്ട് 7 മണിക്ക് മൂവാറ്റുപുഴയില്‍ ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നല്‍കും. യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ക്കുന്നത്ത് നിന്ന് യാത്രയെ നെഹ്‌റു പാര്‍ക്കിലേക്ക് സ്വീകരിക്കും. യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ നൂറുക്കണക്കിന് യുവാക്കള്‍ പേഴക്കാപ്പിള്ളിയില്‍ നിന്ന് കേരള യാത്രക്ക് അകമ്പടി സേവിക്കും.
രാവിലെ ത്രിപൂണിത്തുറ, പിറവം, കുന്നത്തു നാട്, പെരുമ്പാവൂര്‍ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് മൂവാറ്റുപുഴയിലെ സ്വീകരണം. രാത്രി 8 ന് കോതംമംഗലത്ത് ജില്ല തല സമാപനം നടക്കും.
യു.ഡി.എഫ് ഘടകകക്ഷികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വീകരണ കേന്ദ്രങ്ങളിലേക്ക് പ്രകടനമായി എത്തി ചേരുമെന്ന് യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എം.സലിം, കണ്‍വീനര്‍ കെ.എം.അബ്ദുള്‍ മജീദ് എന്നിവര്‍ അറിയിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍, എംപിമാരായ ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ് ,ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍, പിസി വിഷ്ണുനാഥ്, ജോസഫ് വാഴക്കന്‍, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി എല്‍ദോസ് എന്നിവര്‍ സംസാരിക്കും.