മുംബൈ: കളളപ്പണം തടയല്‍ നിയമപ്രകാരം ഹാജരാക്കേണ്ട രേഖകള്‍ സമർപ്പിക്കാത്തതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിൻ്റെ മൂന്ന് അക്കൗണ്ടുകള്‍ ദേശീയ സുക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്‍എസ്‌ഡിഎല്‍) മരവിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിൻ്റെ ഓഹരികള്‍ കൂപ്പുകുത്തി. അല്‍ബുല ഇന്‍വെസ്‌റ്റ്‌മെന്റ് ഫണ്ട്, ക്രെസ്‌റ്റ ഫണ്ട്. എപിഎംഎസ് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ട് എന്നീ നിക്ഷേപസ്ഥാപനങ്ങളുടെ അക്കൗണ്ടാണ് എന്‍എസ്‌ഡിഎല്‍ മരവിപ്പിച്ചത്. മൂന്ന് കമ്പനികള്‍ക്കുമായി അദാനിയുടെ കമ്പനികളില്‍ 43,500 കോടി രൂപയുടെ ഓഹരിനിക്ഷേപമുണ്ട്.
നടപടിയെ തുടര്‍ന്ന് അദാനി എൻ്റെര്‍പ്രൈസസിൻ്റെ 25 ശതമാനത്തോളമാണ് ഓഹരി വില ഇടിഞ്ഞത്. കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ കമ്പനിയുടെ ഓഹരിവിപണിയിലെ വലിയ ഇടിവാണിത്. ഓഹരിയില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെ അദാനി എൻ്റെര്‍പ്രൈസസ് ചെയര്‍മാന്‍ ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായിരുന്നു. റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയായിരുന്നു ഒന്നാമൻ.
ഓഹരി മരവിപ്പിച്ച മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോര്‍ട്ട് ലൂയീസില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കമ്പനികള്‍ക്ക് വെബ്‌സൈറ്റുകളില്ല. അദാനി ഗ്രീന്‍, അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ഗ്യാസ് എന്നിവയുടെ ഓഹരിവില അഞ്ചുശതമാനം ഇടിഞ്ഞു. അദാനി എന്‍റര്‍പ്രൈസസ് 20 ശതമാനമാണ് തകര്‍ച്ചനേരിട്ടത്.