ചലച്ചിത്ര നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. ദേശാടനം, കല്യാണരാമന്‍, കൈക്കുടന്ന നിലാവ്, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴിലെ പ്രശസ്ത താരങ്ങളായ രജനികാന്തിന്റെയും കമല്‍ ഹാസന്റെയും കൂടെ അഭിനയിച്ചിട്ടുണ്ട്.
കൊവിഡ് രോഗമുക്തനായി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന്. പയ്യന്നൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് ചടങ്ങ്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചിരിക്കുകയാണ്.
എഴുപത്തിയാറാം വയസില്‍ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം. ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കല്യാണരാമന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് സൂപ്പര്‍താരമായ രജനീകാന്തിന്റെ ചിത്രമായ ചന്ദ്രമുഖിയിലും വേഷമിട്ടു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവ് കൂടിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടിലാണ് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് എകെജി അയച്ച കത്തുകള്‍ നിധി പോലെ അദ്ദേഹം കാത്തുവച്ചിരുന്നു.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മരണത്തില്‍ അനുശോചനം അറിയിച്ചു.
1922 ഒക്ടോബര്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പഠിച്ചത് പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌കൂളിലാണ്. പരേതയായ ലീല അന്തര്‍ജനമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.