പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന നിലയിലാണ് സമരം നടക്കുന്നത്. അക്രമ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ്. സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അക്രമ സമരത്തിന്റെ പന്തല്‍ കെട്ടിയിരിക്കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
മൂന്ന് ലക്ഷം താലക്കാലികക്കാരെ സ്ഥിരപ്പെടുത്തിയെന്നാണ് ചെന്നിത്തല കള്ളം പറയുന്നത്. അങ്ങിനെയെങ്കില്‍ ചെന്നിത്തല ആ കണക്ക് പുറത്തുവിടണം. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ജാഥയാണ് ചെന്നിത്തല നടത്തുന്നത്. മലബാര്‍ കഴിഞ്ഞതോടെ ആ കളിയാണ് ചെന്നിത്തല നടത്തുന്നത്. പിഎസ്സി വിഷയത്തില്‍ സര്‍ക്കാരിനെതിരെ അക്രമസമരം അഴിച്ചുവിടുകയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും. സര്‍ക്കാരിന് നിയമപരമായും ഭരണഘടനാപരമായും മാത്രമേ പ്രവര്‍ത്തിക്കാനാകൂ. ഇതെല്ലാം ജനം കാണുന്നുണ്ട്.
പരമാവധി ആളുകള്‍ക്ക് ജോലി നല്‍കിയ സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ കൈക്കൂലി വാങ്ങി റാങ്ക് ലിസ്റ്റ് നീട്ടിയിട്ടില്ല. ആറുമാസം മുന്‍പ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിലുള്ളവരാണ് സമരം ചെയ്യുന്നത്. ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.