മുസ്ലിംലീഗിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എ. വിജയരാഘവന്‍. മുന്നാക്ക സംവരണ വിഷയത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എ വിജയരാഘവന്‍ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സംവരണത്തിനെതിരെ കേരളത്തില്‍ രംഗത്തിറങ്ങിയത് വര്‍ഗീയ സംഘടനകളാണ്.
പ്രകടനപത്രികയില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിതനയമായിരുന്നു മുന്നാക്കസംവരണം എന്ന് വരെ പറഞ്ഞിട്ടും അതിനെതിരെ ലീഗ് നിലപാടെടുത്തിട്ട് ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസിനായില്ല. ഹിന്ദുവര്‍ഗീയതയെ എതിര്‍ക്കാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നത് ആത്യന്തികമായി ഹിന്ദുത്വശക്തികളെത്തന്നെയാകും സഹായിക്കുകയെന്നും എ വിജയരാഘവന്‍ എഴുതുന്നു. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ നീക്കുപോക്കിനെയും എ വിജയരാഘവന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരം പോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ വോട്ടുകള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ ഫലപ്രദമായി ഉപയോഗിച്ചാണ് വിജയം നേടിയത്. എന്നാല്‍, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് ലഭിക്കുകയും പ്രധാനമന്ത്രിയാകുമെന്ന് അവര്‍ പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാതിരിക്കുകയും ചെയ്തു. ഇത് രാജ്യത്തെ രാഷ്ട്രീയ ഘടനയില്‍ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികള്‍ക്ക് മേധാവിത്വം നല്‍കി.
ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ആശയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകലുക മാത്രമല്ല ഉണ്ടായത്. മതനിരപേക്ഷനയങ്ങള്‍ വലിച്ചെറിഞ്ഞ് അധികാരത്തിനു വേണ്ടി ഏതു വര്‍ഗീയ പ്രസ്ഥാനവുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക് ആ പാര്‍ട്ടി എത്തി. സോമനാഥക്ഷേത്രം വീണ്ടും തുറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ നിലപാട് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയ്ക്ക് പോറലുണ്ടാക്കുമെന്നാണ് നെഹ്റു രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ അന്ന് പറയാന്‍ ശ്രമിച്ചത്.
ഈ നിലപാടില്‍നിന്നുള്ള പൂര്‍ണമായ പിന്മാറ്റമാണ് വര്‍ഗീയതയുമായി ബന്ധപ്പെട്ട് ഇന്നത്തെ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് അവസരവാദ നിലപാടുകള്‍ സ്വീകരിച്ച് ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിയാന്‍ ബിജെപിയെ സഹായിച്ചത് ഈ മൃദുഹിന്ദുത്വമാണ്. കൂട്ടത്തോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും ബിജെപിയിലേക്ക് ഓടിക്കയറുന്നത്. മധ്യപ്രദേശ് ബി.ജെ.പിയുടെ കീഴിലായി. കര്‍ണാടകത്തിലും ഈ മൊത്തക്കച്ചവടം ഭംഗിയായി നടത്തി. അതിനുമുമ്പ് ഗോവയിലും ഇതുകണ്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, പുതുച്ചേരിയില്‍ മന്ത്രിയും എംഎല്‍എയുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. കേരളത്തില്‍ ഇതു സംഭവിക്കില്ലെന്നു പറയാന്‍ കഴിയുമോ മൃദുഹിന്ദുത്വവും ഹിന്ദുവര്‍ഗീയതയ്ക്ക് വളമാകുന്ന നയങ്ങളും തിരുത്തിയില്ലെങ്കില്‍ എവിടെയും ഇതു സംഭവിക്കാമെന്നും ലേഖനത്തില്‍ പറയുന്നു.